തൃശൂർ: വിശ്വാസവും കൂട്ടായ്മയും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടു പതിനായിരങ്ങൾ അണിചേർന്ന കത്തോലിക്കാ കോൺ ഗ്രസ് സമുദായ മഹാസംഗമ റാലി തൃശൂർ നഗരത്തെ ജനസാഗരമാക്കി. കത്തോലിക്കാ കോൺഗ്രസ് ശതാബ്ദി സംഗമത്തോടനുബന്ധിച്ചാണു സമുദായ റാലി സംഘടിപ്പിച്ചത്. സംസ്ഥാനത്തെ വിവിധ രൂപതകളിൽനിന്നും തൃശൂർ രൂപതയിലെ എല്ലാ ഇടവകകളിൽനിന്നും എത്തിയ ഒരു ലക്ഷത്തോളം വിശ്വാസികളാണു റാലിയിൽ അണിചേർന്നത്. സഭ ഒറ്റക്കെട്ടാണെന്നും വെല്ലുവിളികളെ കൂട്ടായ്മയോടെ നേരിടുമെന്നും പ്രഖ്യാപിച്ചുകൊണ്ടുള്ള റാലി വിശ്വാസിസമൂഹത്തിന്റെ കരുത്തും കെട്ടുറപ്പും വിളംബരം ചെയ്യുന്നതായി.
Back to News