തൃശൂര്‍ അതിരൂപതയ്ക്ക് അഭിമാന നിമിഷം - ഫാ. ജസ്റ്റിന്‍ റുസലീലോ ഇനി വിശുദ്ധ പദവിയില്‍ - ഫ്രാന്‍സിസ് മാര്‍പാപ്പ ഡിക്രിയില്‍ ഒപ്പുവച്ചു തൃശൂര്‍: വൊക്കേഷനിസ്റ്റ് സന്യാസിനി സന്യാസ അല്മായ സഭാസമൂഹങ്ങളുടെ സ്ഥാപകനും ദൈവവിളികളുടെ നഴ്‌സറി പ്രചാരകനുമായ വാഴ്ത്തപ്പെട്ട ഫാ. ജസ്റ്റിന്‍ മരിയ റുസലീലോയുടെ വിശുദ്ധ നാമകരണത്തിനുള്ള അദ്ഭുതം അംഗീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഡിക്രിയില്‍ ഒപ്പുവച്ചു. വാഴ്ത്തപ്പെട്ട ജസ്റ്റിനച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപനം ഭാരത സഭക്കും പ്രത്യേകിച്ച് കേരള സഭക്കും തൃശൂര്‍ അതിരൂപതയ്ക്കും അഭിമാന നിമിഷമാണ്. ഭാരതത്തില്‍ ആദ്യമായി വൊക്കേഷനിസ്റ്റ് വൈദികരും സിസ്റ്റേഴ്‌സും അവരുടെ ഭവനങ്ങള്‍ ആരംഭിച്ചത് തൃശൂര്‍ അതിരൂപതയിലാണ്. ഇപ്പോഴത്തെ മഡോണ മൈനര്‍ സെമിനാരിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന മഡോണ ധ്യാനകേന്ദ്രത്തിലായിരുന്നു വൊക്കേഷനിസ്റ്റ് സിസ്റ്റേഴിസിന്റെ ആദ്യ പരിശീലന ഭവനം. അതിരൂപത മെത്രാസന മന്ദിരത്തോടുചേര്‍ന്ന് ഇപ്പോള്‍ ഫാമിലി അപ്പസ്‌തോലേറ്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലായിരുന്നു വൊക്കേഷനിസ്റ്റ് വൈദികരുടെ ആദ്യ പരിശീലന കേന്ദ്രം. പ്രഥമ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് മാര്‍ കുണ്ടുകുളത്തിന്റെ സുഹൃത്തുകൂടിയായ ഫാ. ലൂയിസ് കപ്പൂത്തോയുടെ ശ്രമഫലമായി വൊക്കേഷനിസ്റ്റ് സന്യാസസമൂഹങ്ങള്‍ തൃശൂര്‍ അതിരൂപതയില്‍ പിറവിയെടുത്തത്. ഇപ്പോള്‍ തൃശൂര്‍ അതിരൂപതയില്‍ മണ്ണുത്തി, തലോര്‍, പുത്തൂര്‍, മുളയം, പുതുരുത്തി, ജ്യോതി എന്‍ജിനീയറിംഗ്‌കോളജ് എന്നിവിടങ്ങളിലായി വൊക്കേഷനിസ്റ്റ് സന്യാസസമൂഹാംഗങ്ങള്‍ ഉണ്ട്. 2021 സെപ്റ്റംബറിലോ ഒക്ടോബറിലോ ആയിരിക്കും വിശുദ്ധപദ പ്രഖ്യാപനം. 2016 ഏപ്രില്‍ 21ന് ആഫ്രിക്കയിലെ മഡഗാസ്‌കര്‍ സ്വദേശിയും ഇറ്റലിയിലെ നേപ്പിള്‍സ് ക്വാര്‍ത്തോ സന്യാസ ഭവനാംഗവുമായ ബ്രദര്‍ ജീന്‍ എമിലെ റസലോഫോയുടെ അദ്ഭുത രോഗശാന്തിയാണ് വത്തിക്കാന്‍ അംഗീകരിച്ചതും ഫാ. ജസ്റ്റിന്‍ റുസലീലോയുടെ വിശുദ്ധപദവിക്കു നിദാനമായതും. 1891 ജനുവരി 18ന് ഇറ്റലിയിലെ നേപ്പിള്‍സിലെ പിയന്നൂര എന്ന ചെറുപട്ടണത്തിലാണു ഫാ. ജസ്റ്റിന്‍ ജനിച്ചത്. ലൂയി ജി റുസലീലോ - ജോസഫീന റുസലീലോ ദമ്പതികളുടെ മൂന്നാമത്തെ പുത്രനായാണു ജനനം. 1913-ല്‍ പുരോഹിതനായി. പാവങ്ങളോടും അവശരോടും സവിശേഷമായ വാത്സല്യവും പരിഗണനയും പ്രകടമാക്കിയ ഈ വൈദികന്‍ പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കുമുള്ള ദൈവവിളിക്കു ദാരിദ്ര്യം ഒരിക്കലും പ്രതിബന്ധമാകരുതെന്ന് ഉറച്ചു വിശ്വസിച്ചു. 1920 സെപ്റ്റംബര്‍ 20ന് സൊസൈറ്റി ഓഫ് ഡിവൈന്‍ വൊക്കേഷന്‍സ് എന്ന സന്യാസ സമൂഹത്തിനു രൂപം കൊടുത്തു. ഇതില്‍ വൊക്കേഷനിസ്റ്റ് വൈദികരും വൊക്കേഷനിസ്റ്റ് സിസ്റ്റേഴ്‌സും കൂടാതെ ഒരു അല്മായ വിഭാഗം കൂടി ഉള്‍ക്കൊള്ളുന്നു. 'സാര്‍വത്രിക വിശുദ്ധീകരണത്തിന്റെ അപ്പസ്‌തോലന്‍' എന്നറിയപ്പെടുന്ന അല്മായ സമൂഹമാണിത്. (Apostels of Universal Sanctitication) 1955 ഓഗസ്റ്റ് രണ്ടിന് ഈ ധന്യജീവിതത്തിനു സമാപ്തിയായി. 1997 ഡിസംബര്‍ 18ന് അദ്ദേഹത്തിന്റെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ ധന്യപദവിയിലേക്കുയര്‍ത്തി. 2010 ജൂണ്‍ ഒന്നിന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇറ്റലി, ബ്രസീല്‍, അമേരിക്ക, അര്‍ജന്റീന, നൈജീരിയ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ, വിയറ്റ്‌നാം, ചിലി, ഇന്ത്യ തുടങ്ങി 18 രാജ്യങ്ങളിലായി ഈ സഭാസമൂഹങ്ങള്‍ വളര്‍ന്നുകഴിഞ്ഞു. ഇന്ത്യയില്‍ പത്തിടങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. സന്യാസസഭയുടെ സ്ഥാപനത്തിന്റെ ശതാബ്ദി വര്‍ഷത്തില്‍ ഒക്ടോബര്‍ മാസത്തില്‍തന്നെ അദ്ഭുതം അംഗീകരിച്ച് ഒപ്പുവച്ചതു മാതൃഭക്തനായ വാഴ്ത്തപ്പെട്ട ജസ്റ്റിനും സഭയ്ക്കുമുള്ള പരിശുദ്ധ അമ്മയുടെ സമ്മാനമാണെന്ന് എസ്ഡിവി സഭയുടെ ആഗോള ജനറാള്‍ ഫാ. ആന്റോണിയോ റാഫേല്‍ ദോനാസിമെന്റോ പറഞ്ഞു. തയാറാക്കിയത്: സെബി മാളിയേക്കല്‍
Back to News