തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ഫ്രാൻസിസ് കരിപ്പേരി (83) അന്തരിച്ചു - തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ തൃശൂർ: ആത്മീയഗുരു, ഭൗതികശാസ്ത്ര മികവുള്ള അദ്ധ്യാപകൻ, എഴുത്തുകാരൻ, കർമ്മനിരതനായ വികാരി എന്നിങ്ങനെ സേവനമേഖലയിൽ പ്രശോഭിച്ച തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ഫ്രാൻസിസ് കരിപ്പേരി 2021 ഫെബ്രുവരി 25 ഉച്ചകഴിഞ്ഞ് 3 മണിക്ക് അന്തരിച്ചു. മൃതസംസ്കാരം ഫെബ്രുവരി 26 വെള്ളി ഉച്ചകഴിഞ്ഞ് 2.30 ന് പറപ്പൂക്കര ദൈവാലയത്തിൽ വച്ച് നടത്തപ്പെടും. മൃതദേഹം 26-ാം തീയതി വെള്ളിയാഴ്ച രാവിലെ 6.30 ന് തൃശൂർ സെന്റ് ജോസഫ് വൈദികമന്ദിരത്തിലെ വി. ബലിക്കുശേഷം 7.30 മുതൽ 8.30 വരെ തൃശൂർ സെന്റ് ജോസഫ് വൈദികമന്ദിരത്തിലും, അതിനുശേഷം രാവിലെ 9.30മുതൽ 10.30 വരെ മുളങ്ങ് സെ. ഫ്രാൻസീസ് സേവ്യർ പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 10.30 മുതൽ മുളങ്ങിലുള്ള ജ്യേഷ്ഠ സഹോദരന്റ മകൻ റാഫിയടെ വസതിയിലേക്ക് കൊണ്ടുപോയി ഉച്ചകഴിഞ്ഞ് 1.45 വരെ പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 1.45 ന് വീട്ടിൽ നിന്ന് മൃതസംസ്കാരശുശ്രൂഷകൾ ആരംഭിക്കും. ഇരിങ്ങാലക്കുട രൂപത പറപ്പൂക്കര ഇടവകയിലെ പരേതരായ ഒൗസേപ്പ് + ഏല്യ ദമ്പതികളുടെ മകനായി 1938 മെയ് 1 ന് ജനിച്ചു. തൃശ്ശൂർ മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിലെ വൈദികപരിശീലനം പൂർത്തിയാക്കിയശേഷം 1964 മാർച്ച് 11ന് മാർ ജോർജ്ജ് ആലപ്പാട്ട് പിതാവിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു. ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്കുകാരനായി ദൈവജനത്തിനായി പരിയാരം ഇടവകയിൽ സഹവികാരിയായി അജപാലനശുശ്രൂഷ ആരംഭിച്ച അദ്ദേഹം പുലക്കാട്ടുകര ഇടവകയിൽ നടത്തുവികാരിയായും കല്ലൂർ പടിഞ്ഞാറ്, പാലക്കൽ, അയ്യന്തോൾ, അത്താണി, വെളപ്പായ, കണ്ണംകുളങ്ങര, നെടുപുഴ, ചെവ്വൂർ, പുറനാട്ടുകര, കൂനംമൂച്ചി, വരാക്കര, പൂത്തറക്കൽ, പാലാഴി, ചാഴൂർ എന്നിവിടങ്ങളിൽ വികാരിയായും സെന്റ് തോമസ് കോളേജ് ഹോസ്റ്റൽ വാർഡനായും കരിസ്മാറ്റിക് പ്രസ്ഥാന ഡയറക്ടറായും പഴുവിൽ സെന്റ് മേരീസ് ധ്യാനകേന്ദ്രസഹായിയായും സേവനം ചെയ്തിട്ടുണ്ട്. കാലിക്കറ്റ് സർവ്വകലാശാലയിൽ എം.എ.സി ഭൗതികശാസ്ത്രത്തിൽ റാങ്ക് കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം സെന്റ് തോമസ് കോളേജ് പ്രൊഫസർ, വൈദികസമിതി സെക്രട്ടറി, പാസ്റ്ററൽ കൗൺസിൽ അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സേവനം ചെയ്ത ഇടവകകളിൽ പല നിർമ്മാണപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിട്ടുള്ള ബഹു. അച്ചൻ മികച്ച എഴുത്തുകാരനും ഗാനരചയിതാവും കൂടിയാണ്. അതിനും പുറമേ ഭക്തിഗാന കാസറ്റും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. 2015 ്രെബഫുവരി 4 മുതൽ തൃശൂർ സെന്റ് ജോസഫ് വൈദികമന്ദിരത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. റപ്പായി (പരേതൻ), ലാസർ (പരേതൻ), ത്രേസ്യ എന്നിവർ സഹോദരങ്ങളാണ്. കർത്താവിൻറെ മുന്തിരിത്തോട്ടത്തിൽ അഹോരാത്രം അധ്വാനിച്ച കരിപ്പേരി ബഹു. ഫ്രാൻസീസച്ചന് തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ ഫാ. നൈസൺ ഏലന്താനത്ത് തൃശൂർ അതിരൂപത പിആർഒ
Back to News