തൃശൂർ അതിരൂപതയിലെ വൈദികനായ റവ. ഫാ. ജോണി ആന്റണി പറേക്കാട്ട് (69) അന്തരിച്ചു - തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ തൃശൂർ: സംഘാടക മികവുകൊണ്ട് യുവജനപ്രസ്ഥനങ്ങളുടെ അമരക്കാരനും അറിയപ്പെട്ടിരുന്ന ധ്യാനഗുരുവുമായിരുന്ന അതിരൂപതയിലെ വൈദികനായ റവ. ഫാ. ജോണി ആന്റണി പറേക്കാട്ട് (69) അന്തരിച്ചു. ചേറൂർ ആബാ ധ്യാനകേന്ദ്രത്തിൽ കുംമ്പസാരക്കാരനായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഇന്ന് രാവിലെ (13.03.2021) 8.45 നായിരുന്നു അന്ത്യം. തിങ്കൾ (15.03.2021) രാവിലെ 6.30 ന് ചേറൂർ വിയാനി ഭവനിൽ അച്ചന്റെ ഭൗതികാവശിഷ്ടം വെച്ചുകൊണ്ട് വി. കുർബാനയർപ്പിക്കും. തുടർന്ന് രാവിലെ 10.00ന് മാളയിലുള്ള (മാളപ്പള്ളിപുറം) സഹോദരൻ തോമസിന്റെ വസതിയിൽ പൊതുദർശനത്തിനു വെയ്ക്കുന്നു. തുടർന്ന് ഉച്ചയ്ക്ക് 1മണിക്ക് മൃതസംസ്ക്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം സഹോദരൻ തോമസിന്റെ വസതിയിൽ ഇരിഞ്ഞാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പിതാവിന്റെ നേതൃത്വത്തിൽ ആരംഭിച്ചു മാള സ്റ്റാൻസ്ലാവൂസ് ഫൊറോന ദേവാലയത്തിൽ കൊണ്ടുവരുന്നു. തുടർന്ന് ഉച്ചയ്ക്ക് (15.03.2021) 2.30 ന് മാള സ്റ്റാൻസ്ലാവൂസ് ഫൊറോന ദേവാലയത്തിൽ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൻറെ മുഖ്യകാർമികത്വത്തിൽ മൃതസംസ്കാരശുശ്രൂഷകൾ ആരംഭിക്കും. പാറേക്കാട്ട് പരേതരായ ആന്റണി, അന്നം ദമ്പതികളുടെ മകനായ ഫാ. ജോണി ആന്റണി 10.10.1952ൽ മാളയിൽ ജനിച്ചു. 1981 ഡിസംബർ 20ന് ബിഷപ് ജോസഫ് കുണ്ടുകുളത്തിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. പാലയൂർ, തൃശൂർ ലൂർദ്ദ് കത്തീഡ്രൽ എന്നി പള്ളികളിൽ അസി. വികാരിയായി സേവനം ചെയ്തു. തുടർന്ന്, തൃശൂർ സെന്റ് ആൻസ്, ആമ്പക്കാട് എന്നീ ഇടവകകളിൽ ആക്ടിംങ്ങ് വികാരിയായും, നടത്തറ, മരിയാപുരം, കാഞ്ഞാണി, ഏങ്ങണ്ടിയൂർ, പല്ലിശേരി, നന്തിപുലം, നന്തിപുലം നോർത്ത്, ചേലക്കര (ഫൊറോന വികാരി), പരക്കാട്, പുറനാട്ടുക്കര, പെരിങ്ങോട്ടുക്കര, നെന്മണിക്കര, ഒല്ലൂക്കര എന്നീ ഇടവകകളിൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. സി.എൽ.സി, കെസിവൈഎം, കാത്തലിക്ക് യൂണിയൻ എന്നീ സംഘടനകളുടെ അതിരൂപത അസി. ഡയറക്ടറായും, ഡയക്ടറായും, സി.എൽ.എയുടെ അസി. ഡയറക്ടറായും അച്ചൻ സേവനം ചെയ്തിട്ടുണ്ട്. തൃശൂർ കാത്തിലിക്ക് പാസ്റ്ററൽ സെന്ററുകളുടെ അസി. ഡയറ്കടർ, ഡയറക്ടർ എന്നീ നിലകളിൽ സേവനം ചെയ്ത അച്ചൻ ചേലക്കര ബാലഭവന്റെയും ചേലക്കര റീജണൽ പാസ്റ്ററൽ സെന്ററിന്റെയും ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫിലിപ്പിയൻസിലെ മനില ഇഎപിഎൈ നിന്ന് വിശ്വാസവും ധാർമ്മികതയും എന്ന വിഷയത്തിൽ ഡിപ്ലോമ സ്വന്തമാക്കിയിട്ടുണ്ട്. സഹോദരങ്ങൾ: പൗലോസ് (പരേതൻ), വറീത് (പരേതൻ), തോമസ്, മറിയം, ലില്ലിക്കുട്ടി, സി. ലിസി എസ്.സി.എസ്.എ. ശത്രുതയും വൈരാഗ്യവുമില്ലാതെ എല്ലാവരെയും സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുക എന്ന തന്റെ മുദ്രാവാക്ക്യ അക്ഷരം പ്രതി ജീവിതത്തിൽ പ്രവർത്തികമാക്കി കർത്താവിന്റെ മുന്തിരിത്തോട്ടത്തിൽ അഹോരാത്രം അധ്വാനിച്ച പറേക്കാട്ട് ബഹു. ജോണി ആന്റണിയച്ചന് തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ ഫാ. നൈസൺ ഏലന്താനത്ത് തൃശൂർ അതിരൂപത പിആർഒ
Back to News